Last edited by i.zubair; 11th August 2013 at 09:33 PM.
Last edited by i.zubair; 11th August 2013 at 09:34 PM.
Nanda Kummar
“സിനിമാ തിയ്യറ്ററുകൾ (ഷേണായീസ് /ലിറ്റിൽ ഷേണായീസ് ) മലയാള സിനിമയെ കൊല്ലുന്ന വിധം.“
ഒരു സിനിമ എങ്ങിനെയായിരിക്കണം, പ്രേക്ഷകനോട് എത്രത്തോളം പറയണം എന്നു നിശ്ചയിച്ചിരുന്നത് സംവിധായകനായിരുന്നു. എന്നാൽ ഇപ്പോൾ അത് നിശ്ചയിക്കുന്നത് തിയ്യറ്റർ ഉടമകളാണ്(സാങ്കേതികമായി പ്രൊജക്റ്റ് ഓപ്പറേറ്റർമാർ) നിർമ്മാതാവും സംവിധായകനും മറ്റു സാങ്കേതികപ്രവർത്തകരും എത്രത്തോളം ദൈർഘ്യത്തിലോ കഥ എങ്ങിനെയോ പറഞ്ഞോളു പക്ഷെ ഞങ്ങളുടെ മനോധർമ്മമനുസരിച്ചായിരിക്കും അത് സ്ക്രീൻ ചെയ്യപ്പെടുക എന്ന് തിയ്യറ്റർ ഉടമകൾ നിശ്ചയിച്ചാൽ എന്തു ചെയ്യാനാവും?
ഇന്ന് (2013 ജനുവരി 24, വ്യാഴം) വൈകീട്ട് എറണാകുളം ലിറ്റിൽ ഷേണായീസ് തിയ്യറ്ററിൽ ഉണ്ടായ ഒരു അനുഭവം കൊണ്ടാണ് ഈ കുറിപ്പ്. വൈകീട്ട് 6 മണിക്ക് സ്ക്രീൻ ചെയ്യുന്ന സിനിമ പ്രിയദർശന്റെ “നഖങ്ങൾ”. ഞാനടക്കം കഷ്ടി ഇരുപതോളം പ്രേക്ഷകർ സിനിമ കാണാനിരുന്നു. തിയ്യറ്ററിനകത്ത് കടന്നപ്പോൾ തന്നെ മനസ്സിലായി എ.സി പ്രവർത്തിക്കുന്നില്ലെന്ന്. വാതിൽക്കലിരുന്ന ഒരാളോട് (തിയ്യറ്ററുമായി ബന്ധപ്പെട്ട ഒരാളാണെന്നു തോന്നുന്നു) ഒരു സെക്യൂരിറ്റി ചോദിക്കുന്നതു കണ്ടു ‘ എ സി ഇടണോ?” എന്ന്. ‘ഇട്ടോളു” എന്ന് അയാളുടെ മറുപടി കേട്ടപ്പോൾ സെക്യൂരിറ്റി പുറത്ത് പോയി. സിനിമ തുടങ്ങിയപ്പോഴേക്കും എ. സിയുടെ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. ക്രൈം ത്രില്ലർ ജനുസ്സിൽ പെട്ട സിനിമയായിരുന്നു “നഖങ്ങൾ”.അതുകൊണ്ടാവും പ്രേക്ഷകർ യാതൊരു ശബ്ദവുമുണ്ടാക്കാതെ ആസ്വദിച്ചു കണ്ടു. ക്ലൈമാക്സും കഴിഞ്ഞ് സിനിമ തീരുന്നു.... അതിനു ശേഷം ഒരു അനുബന്ധ സീൻ കൂടിയുണ്ടായിരുന്നു. ക്ലൈമാക്സിനു ശേഷം കറുത്ത സ്ക്രീനിൽ “ഒരു മഴക്കാലത്തിനു ശേഷം...” എന്നെഴുതിക്കാണിച്ച് അനുബന്ധ സീൻ കാണിക്കുന്നതിനു തൊട്ടു മുൻപായി പെട്ടെന്ന് പ്രൊജക്റ്റർ ഓഫ് ചെയ്യുന്നു. തിയ്യറ്ററിനകത്ത് വെളിച്ചം വരുന്നു. സിനിമ പൂർണ്ണമായില്ലെന്നും ഒരു സീൻ കൂടി ബാക്കിയുണ്ടെന്നും ഞാനടക്കമുള്ള പ്രേക്ഷകർക്ക് ബോധ്യമാണ്. പക്ഷെ പ്രൊജക്റ്റർ ഓഫ് ചെയ്തിരിക്കുന്നു. തിയ്യറ്ററിനകത്തെ സെക്യൂരിറ്റി പറഞ്ഞു “ കഴിഞ്ഞു. സിനിമ കഴിഞ്ഞു. എല്ലാവരും വിട്ടോ” പക്ഷെ ഇത്രയും നാൾ ഒരുപാടു സിനിമകൾ കണ്ടിട്ടുള്ള പ്രേക്ഷകർക്കൊക്കെ ബോധ്യമാണ് സിനിമ പൂർണ്ണമായിട്ടില്ല. ഒരു സിനിമ പൂർണ്ണമാകുന്നത് ഇങ്ങിനെയല്ല. ഇത് തിയ്യറ്ററുകാരന്റെ തോന്ന്യവാസമാണ്. (തിയ്യറ്റർ എഡിറ്റിങ്ങ് എന്ന് സാങ്കേതിക ഭാഷ)സെക്യൂരിറ്റിക്കാരുടെ പരുങ്ങലും കൂടി കണ്ടപ്പോൾ തികച്ചും ബോധ്യമായി.സിനിമ മുഴുവനായി കാണിക്കുവാൻ ഞങ്ങൾ തുടരെത്തുടരെ ആവശ്യപ്പെട്ടു. അത് കേട്ട് പ്രൊജക്റ്റർ ഓപ്പറേറ്റ് ചെയ്യുന്ന മുറിയിൽ നിന്നും ഒരു സെക്യൂരിറ്റി വന്ന് പറഞ്ഞു. ‘ഇത്രേ ഉള്ളു സിനിമ. കഴിഞ്ഞു” ധാർഷ്ട്യം നിറഞ്ഞ ആ ഡയലോഗ് ഞങ്ങൾ പ്രേക്ഷകർക്ക് പിടിച്ചില്ല. പിന്നെ എല്ലാവരും എഴുന്നേറ്റ് നിന്ന് ബഹളമുണ്ടാക്കാൻ തുടങ്ങി. ബാക്കി സിനിമ കൂടി പ്രദർശിപ്പിച്ചിട്ടേ ഞങ്ങൾ തിയ്യറ്റർ വിടൂ എന്ന് ബഹളം മുഴക്കി. മുറിയിൽ നിന്ന് ഓപ്പറേറ്ററോ തിയ്യറ്റർ മാനേജറൊ പ്രേക്ഷകരോട് സംസാരിക്കാനോ എന്താണ് സംഭവിച്ചെന്ന് വിശദീകരിക്കാനോ തയ്യാറായില്ല. പുറത്തേക്ക് വന്നതുമില്ല. ഞങ്ങൾ പ്രേക്ഷകർ പുറത്ത് പോകാൻ സെക്യൂരിറ്റികൾ ആവതും ശ്രമിച്ചെങ്കിലും ബാക്കി സിനിമ കൂടി കാണിച്ചിട്ടേ ഞങ്ങൾ പുറത്തിറങ്ങൂ എന്നും അല്ലെങ്കിൽ പ്രശ്നമുണ്ടാക്കുമെന്നും തറപ്പിച്ചു പറഞ്ഞതോടെ ലിറ്റിൽ ഷേണായീസ് തിയറ്റർ ജീവനക്കാർക്ക് നിവൃത്തിയില്ലാതായി. അഞ്ച് മിനുട്ടിനു ശേഷം വീണ്ടും ലൈറ്റുകൾ അണഞ്ഞു സ്ക്രീനിൽ കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പിന്നെ തിയ്യറ്ററുകാർ കട്ട് ചെയ്ത അവസാന ദൃശ്യവും എൻഡ് ടൈറ്റിത്സും. ഇതു കഴിഞ്ഞതോടെ ഞങ്ങളിൽ പലർക്കും അമർഷമായി. സിനിമ കഴിഞ്ഞെന്നും എഴുന്നേറ്റു പൊയ്ക്കോളാനും പറഞ്ഞ സെക്യൂരിറ്റിയോട് പലരും കയർത്തു, മാനേജരെ വിളിക്കാൻ പറഞ്ഞെങ്കിലും ജീവനക്കാർ അതിനു തയ്യാറായില്ല.
പ്രേക്ഷകർ കൊടുക്കുന്ന 70 രൂപക്കു വേണ്ടിയാണ് ലിറ്റിൽ ഷേണായീസ് തിയ്യറ്ററുകാരന്റെ ഈ പരാക്രമം. സിനിമ നല്ലതോ ചീത്തയോ ആകട്ടെ, പ്രേക്ഷകർ കുറവോ കൂടുതലോ ആകട്ടെ, ഒരു സിനിമ പരിപൂർണ്ണമായും പ്രേക്ഷകന്റെ മുന്നിൽ പ്രദർശിപ്പിക്കാനുള്ള ഉത്തരവാദിത്വം തിയ്യറ്റർ ഉടമകൾക്കില്ലേ? സംവിധായകന്റെ ഭാവനക്കും ക്രിയേറ്റിവിറ്റിക്കും അനുസൃതമായി പൂർത്തീകരിക്കപ്പെട്ട സിനിമ, സെൻസർ ബോർഡ് പ്രദർശനാനുമതി കൊടുത്ത സിനിമ “ഇത്രയും കാണിച്ചാൽ മതി. അത്രത്തോളം കണ്ട് എഴുന്നേറ്റ് പൊക്കോണം” എന്ന ധാർഷ്ട്യം കാണിക്കാൻ ഈ തിയ്യറ്ററുകാർക്ക് ആരനുവാദം കൊടുത്തു?! തിയ്യറ്ററുകാരൻ ചെയ്യുന്നത് തെമ്മാടിത്തരമല്ലേ?
ചലചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ പ്രിയദർശന്റെ ചിത്രത്തിനാണ് ഈ ദുർവിധി എന്നതാണ് മറ്റൊരു തമാശ! നാളെ ഒരു നവാഗത സംവിധായകന്റെ സിനിമയോട് എന്തൊക്കെ ചെയ്യില്ല എന്നാരു കണ്ടു? പ്രേക്ഷകന്റെ കയ്യിലെ കാശ് വാങ്ങി പെട്ടിയിലിട്ട് അവരോട് എന്ത് തെമ്മാടിത്തരവും ചെയ്തു കളയാം എന്ന തിയ്യറ്ററുകാരുടെ(ഷേണായീസ് /ലിറ്റിൽ ഷേണായീസ്) ഈ അഹങ്കാരം വ്യത്യസ്ഥമായ നല്ല സിനിമകളാൽ സജ്ജീവമായിക്കൊണ്ടിരിക്കുന്ന മലയാള സിനിമാ രംഗത്തെ പഴയപോലെ തളർത്തിക്കളയാനേ ഉപകരിക്കൂ. സാമാന്യബുദ്ധിയില്ലാത്ത ഇത്തരം തിയ്യറ്റർ ഉടമകളൂടേയും പ്രൊജക്റ്റർ ഓപ്പറേറ്റർമാരുടേയും തോന്ന്യവാസത്തിനു കടിഞ്ഞാണിട്ടില്ലെങ്കിൽ നാളെ മലയാള സിനിമ, തെരുവിൽ വെള്ളത്തുണി വലിച്ചു കെട്ടി പ്രദർശിപ്പിക്കേണ്ടിവരും.
(ഇതേ തിയ്യറ്റർ കോമ്പ്ലക്സിലെ മറ്റൊരു തിയ്യറ്ററായ ഷേണായീസിൽ രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും പ്രദർശിപ്പിക്കുന്നുണ്ട്. രാജീവ് രവിയുടെ സംവിധാനം പോരെന്ന് തോന്നിയതുകൊണ്ടാവും തിയ്യറ്റർ ജീവനക്കാർ ആ ചിത്രത്തിനും അവരുടെ മനോധർമ്മമനുസരിച്ച് തിയ്യറ്റർ എഡിറ്റിങ്ങ് നടത്തിയാണ് പ്രദർശിപ്പിക്കുന്നത്)