ടാക്കീസുകളുടെ ചരമകുറിപ്പ് ചികയുന്ന
കന്യക ടാക്കീസ്
ഒരുകാലത്ത് നാട്ടിന് പുറങ്ങളുടെ ഹൃദയത്തുടിപ്പായിരുന്നു ഓലമേഞ്ഞ സിനിമകൊട്ടകകള്. മള്‍ട്ടിപ്ളക്സുകള്‍ പെരുകികൊണ്ടിരിക്കുന്ന പുതിയ കാലത്തുനിന്നും സിനിമ തിയറ്ററുകളുടെ വൈകാരിക ചരിത്രം തേടിയിറങ്ങുകയാണ് കന്യക ടാക്കീസ് എന്ന ചിത്രം.
എ പെസ്റ്റിഗ് ജേര്ണ്ണിയെന്ന ഹ്രസ്വചിത്രത്തിലൂടെ ദേശീയ അന്തര്‍ദേശീയ ബഹുമതികള്‍ കരസ്ഥമാക്കിയ കെ. ആര്. മനോജാണ് കന്യക ടാക്കീസ് എന്ന ഫീച്ചര്‍ ഫിലിമിലൂടെ തിയറ്ററുകളുടെ ചരിത്ര വഴിയിലെ ദുരവസ്ഥയുടെ നേര്കാഴ്ചയുമായെത്തുന്നത്. പ്രശസ്ത
യുവകഥാകാരന്‍ പി. വി. ഷാജികുമാര്‍, ഗവേഷക രഞ്ജിനി കൃഷ്ണന്. കെ. ആര്. മനോജ് എന്നിവര്‍
ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ
തയ്യാറാക്കിയിരിക്കുന്നത്.
കേരളത്തിന്റെ കാഴ്ച സംസ്കാരത്തിന്റെ ഭൂതകാലം നൊസ്റ്റാള്‍ജിക് പരിവേഷത്തോടെ കാഴ്ചക്കാരനിലെത്തിക്കുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രം ഭരത് ഗോപിയുടെ മകനും തിരക്കഥാകൃത്തും അഭിനേതാവുമായ മുരളിഗോപിയാണ്. മണിയന് പിള്ള രാജു, സുധീര്‍ കരമന, ഇന്ദ്രന്‍സ്, നന്ദു, സുനില്‍ സുഖദ, ലെന എന്നിവരാണ് മറ്റ് പ്രധാനതാരങ്ങള്‍.
നാടകരംഗത്തെ പ്രശസ്തനായ അലന്‍സിയറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കവയിത്രി അനിത തമ്പി ഗാനങ്ങളെഴുതുന്നു. പ്രശസ്ത ഡിസൈനറായ പ്രിയരഞ്ജന് ലാലാണ് കന്യക ടാക്കീസിന്റെ ദൃശ്യരൂപകല്പന നിര്.വ്വഹിക്കുന്നത്.
ചിത്രകാരന് മാര്‍ത്താണ്ടം രാജശേഖരന് കലാസംവിധാനവും എസ്.ബി സതീശന് വസ്ത്രാലങ്കാരവും നിര്.വ്വഹിക്കുന്നു.
കേരളത്തിലെ ഗ്രാമങ്ങള്‍ തോറും ബി,സി കാറ്റഗറിയിലുള്‍പ്പെട്ട ടാക്കീസുകളും തിയറററുകളും ഏറെ കുറേ സജീവമായിരുന്നു ഒരു പത്തു വര്‍ഷം മുമ്പ് വരെ. സിനിമയുടെ കൂടിവന്ന നിര്‍മ്മാണ ചിലവ് , ടെലിവിഷന്‍ചാനലുകളുടെ സ്വാധീനം, കുടുംബപ്രേക്ഷകരുടെ തിയറ്ററുകളോടുള്ള വിമുഖത, റിയല്‍ എസ്റേറ്റ് ലോബികളുടെ കുതിച്ചുകയറ്റം ഇതെല്ലാം നാട്ടിലെ കണ്ണായ സ്ഥലത്തെ തിയറ്ററുകളുടെ നിലനില്‍പ്പിനെ നിരന്തരമായി ചോദ്യം ചെയ്തതോടെ ടാക്കീസുകള്‍ പൊളിച്ചടുക്കാന്‍ തുടങ്ങി.
കല്യാണ മണ്ഡപങ്ങളായും പള്ളികളായും ഷോപ്പിംഗ്കോംപ്ളക്സുകളായും മാറിപോയ തിയറ്ററുകള്‍ക്ക് ലാഭകരമല്ലാത്ത നിലനില്‍പ്പ്
തന്നെയായിരുന്നു പ്രശ്നം.
നാലിലൊന്നായി തിയറ്ററുകള്‍ ചുരുങ്ങിയപ്പോള്‍ മള്‍ട്ടി പ്ളക്സുകള്‍ ആധുനികതലമുറയുടെ സംതൃപ്തമായ കാഴ്ചകള്‍ക്ക് വേദിയായിമാറികഴിഞ്ഞു.
ഭൂതകാലവിസ്മൃതികളെ തേടിപോകുന്ന കന്യക ടാക്കീസിന് ഓര്‍മ്മകളുടെ നനവുള്ള ഏടുകള്‍ ഏറെ പറയാനുണ്ടാകും,......
ഒരു കാലഘട്ടത്തിന്റെ സിനിമയേയും ജീവിതത്തേയും കുറിച്ചു.