ഈ വലിയോരെന്താ ഇങ്ങനെ
ഇവർക്കെന്തെങ്കിലും അറിയുമോ?
വൈകുന്നേരം മേഘക്കുഞ്ഞുങ്ങൾ
ആനയായും കുതിരയായും
ഓടിനടക്കുമെന്ന് പറഞ്ഞാൽ
ഇവർക്കെന്താ മനസ്സിലാവാത്തെ?
മുറിച്ചിട്ട പല്ലിവാൽ മുളച്ചു
പൂച്ചവാൽ പൂക്കുന്നത്
ഇവരുമാത്രം
കാണാത്തതെന്താ?
കുഴിയാന വലുതായാൽ
കൊമ്പനാന ആകുമോന്ന്
ചോദിച്ചകേട്ടപ്പോൾ
എല്ലാരും എന്തിനാ ചിരിക്കുന്നെ?
സൂര്യൻ കടലിൽ വീണ്
വെളിച്ചം കെട്ടുപോയാണ്
ഇരുട്ടാകുന്നെന്നു പറഞ്ഞപ്പോൾ
ഇവർക്കെന്താ ഒരു തമാശ?
ആകാശത്തെക്കൂടി
നക്ഷത്രങ്ങൾ ഓടിയെന്നു പറഞ്ഞപ്പോൾ
ഇവരെന്തിനാ
സയൻസ് ക്ലാസ്സ്* എടുക്കുന്നെ?
കൈത്തോട്ടിൽ നിന്നും
തോർത്തിൽ കുടുങ്ങിയ മീൻകുഞ്ഞുങ്ങൾ
ഡാൻസ് ചെയ്യുന്നെന്നു പറഞ്ഞപ്പോൾ
എന്നെയെന്തിനാ വഴക്ക് പറഞ്ഞെ?
ഇടത്തോട്ടു കറങ്ങി
പെട്ടെന്നൊന്നു നിന്നാൽ
ഭൂമി കറങ്ങുന്ന കാണാന്നു പറഞ്ഞപ്പോൾ
അച്ഛനെന്തിനാ കണ്ണുരുട്ടുന്നെ?
പനച്ചോട്ടിലെ മാളത്തിൽ
പാമ്പിൻകുഞ്ഞുങ്ങൾ
ഓടിക്കളിക്കുന്നത് കണ്ടെന്നു പറഞ്ഞപ്പോൾ
അമ്മയെന്തിനാ അലറിവിളിച്ചേ?
ഈ പറഞ്ഞതൊക്കെ നേരല്ലേ
ആർക്കുമെന്താ മനസ്സിലാവാത്തെ
ഈ വലിയോരെന്താ ഇങ്ങനെ
ഇവർക്കെന്തെങ്കിലും അറിയുമോ?