ഊഴം കാത്ത് ആശുപത്രി വരാന്തയിൽ ഞാനിരുന്നു. എനിക്ക് ധൃതിയുണ്ടായിരുന്നില്ല, കൂടെ വന്ന ഷാഹിദ് നല്ല ധൃതിയിലായിരുന്നു. എത്രാമതായാണ് എന്നെ വിളിക്കുക എന്ന് ഷാഹിദ് കൂടെകൂടെ നഴ്സിനോട് അന്വേഷിച്ചുകൊണ്ടിരുന്നു. അത്തരം ചോദ്യോത്തരങ്ങൾ പതിവെന്നപോലെ ആ നേഴ്സ് അതിന് നിസ്സംഗതയോടെ മറുപടി കൊടുത്തുകൊണ്ടിരുന്നു.
ആ വരാന്തയിൽ ഞാൻ ക്ഷമയോടെ ഇരുന്നു.മുൻപിൽ വന്ന ആളുകളിലേക്ക് നോക്കി. ഓരോ ചിന്തകൾ മനസിലേക്ക് വന്നു. കുറച്ചാളുകൾ കുറെയധികം പഠിച്ചു പണം ചെലവാക്കി ഡോക്ടറായി വരുന്ന ഇതേ ആശുപത്രിയിൽ ഒരു ജീവിതകാലം മുഴുവൻ അധ്വാനിച്ചത് മുഴുവൻ കൊടുത്തും പ്രിയപെട്ടവരെ കുറച്ചു നേരത്തേക്കെങ്കിലും പിടിച്ചുനിർത്താൻ കഴിയാതെ പോകുന്നവർ. ജനിച്ചു വീഴുന്നകുഞ്ഞും മരണത്തിലേക്ക് വഴുതി വീഴുന്നയാളും ഒരു മതിലനപ്പുറം. ഇതുപോലെ ഒരു സ്ഥലത്തു ദൈവത്തിന്റെ പ്രതിരൂപങ്ങൾ എന്നൊക്കെ വിളി കേട്ട് ഈ ജോലി ചെയ്യാൻ എന്നോ ആഗ്രഹിച്ചിരുന്ന എന്നെ ഞാൻ മറന്നു പോയി എന്ന് തോന്നി. ഇതിപ്പോൾ ഒരു ചെറിയ തലകറക്കത്തിന്റെ ബാക്കിയാണ്.ഒന്ന് മയങ്ങിയാൽ തീരാവുന്നതേ ഉണ്ടാവൂ എന്ന് പറഞ്ഞിട്ടും അതൊന്നും വീട്ടിലുള്ള ആരും കേട്ടതായി ഭാവിച്ചില്ല. പുതിയ രോഗങ്ങൾ പടർന്നു പിടിക്കുന്ന കാലത്തെ എല്ലാവർക്കും ഒരു പോലെ പേടിയാണല്ലോ. അതാണ്* കല്യാണ തിരക്കുകൾക്കിടയിലും ഇവിടെ വരെ ഓടി വന്നത്. ഷാഹിദിന്റെ മൂത്ത ഇത്തയുടെ മകൾ രഹ്*നയുടെ നിക്കാഹാണ്. എല്ലാവരും അതിന്റെ ഓട്ടപാച്ചിലിൽ. എനിക്ക് ഈ നാട്ടിലേക്കുള്ള യാത്ര ഒരാശ്വാസമായി തോന്നി. ദുബായ് നഗരത്തിൽ നിന്ന് ഇവിടെ വന്നപ്പോൾ ഇവിടുത്തെ കാറ്റും പച്ചപ്പും തന്ന സന്തോഷം ചില്ലറയല്ല. ഉയർന്ന കെട്ടിടങ്ങളും റോഡിൽ തിരക്കിട്ടോടുന്ന വാഹനങ്ങളും ആളുകളും.ആളുകൾ പറയുന്നത്ര സൗന്ദര്യചോർച്ച എനിക്കിതിലൊന്നും തോന്നിയതുമില്ല.
റാണി എന്ന് വിളിച്ചപ്പോൾ എന്റെയടുത്തിരുന്ന 30 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയാണ് എഴുന്നേറ്റത്. അടുത്തത് എന്നെയാണ് വിളിക്കുന്നത് എന്ന് നേഴ്സ് ഷാഹിദിനോട് പറഞ്ഞു. ഷാഹിദിന് ആശ്വാസമായി എന്ന് തോന്നുന്നു. അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്. അത് കണ്ടതും ഞാൻ ഒന്ന് ഞെട്ടി. എന്റെ കൈത്തണ്ടയിലെ ഞരമ്പുകൾ പിടയുന്നപോലെ എനിക്ക് തോന്നി. ഉടനെ അകത്തെ ഫോൺ ശബ്*ദിക്കുന്നത് കേട്ടു. പുറത്തു നിന്ന് ധൃതിയിൽ ഓടി വന്ന മറ്റൊരു നേഴ്സ് അകത്തേക്ക് പോയി. അവരുടെ ഓട്ടം കണ്ടു എല്ലാവർക്കും ഒരു പന്തികേട് തോന്നി. പുറത്തുണ്ടായിരുന്ന എല്ലാവർക്കും ആകാംഷയായി. ഞാൻ മാത്രം വേറെന്തോ ചിന്തയിലായിരുന്നു. നഴ്സിനോട് ഷാഹിദും പുറത്തുള്ളവരും കാര്യം തിരക്കി.
ഒരു എമർജൻസി കേസ് വന്നിട്ടുണ്ടെന്നും ഓപ്പറേഷൻ നടത്താൻ ഡോക്ടർ പോകുകയാണെന്നും പകരം മറ്റൊരു ഡോക്ടർ ഇപ്പോൾ തന്നെ എത്തുമെന്നും നേഴ്സ് പറഞ്ഞു.ഷാഹിദിന് ഇത് കേട്ടപ്പോൾ ആശ്വാസമായി. ഡോക്ടർ പുറത്തേക്കു വന്നില്ല. അകത്തുകൂടി ഓപ്പറേഷൻ തീയേറ്ററിലേക്ക് പോയിരിക്കണം. പകരം മറ്റൊരു ഡോക്ടർ അകത്തു വന്നെന്ന് ഞങ്ങൾക്ക് വിവരം കിട്ടി. നേഴ്സ് ഉറക്കെ എന്റെ പേര് വിളിച്ചു. സൈനബ.ഞെട്ടലിൽ ഇരുന്ന ഞാൻ ഒന്നും അറിഞ്ഞില്ല. ഷാഹിദ് എന്റെയടുത്തു വന്ന്, സൈനു അകത്തേക്ക് കയറാം എന്ന് പറഞ്ഞു.
ഡോക്ടർ രവി തരകൻ എന്ന ബോർഡ് തൂക്കിയ റൂമിനുള്ളിലേക്ക് ഞങ്ങൾ കയറി.