ആരറിവൂ നിന് മുറിവിന് ആഴം... (3)
രവി മേനോന്
''നദിയുടെ അലകള്‍* യുഗയുഗങ്ങളായ് കദന ഗദ്ഗദത്തില്‍* കരഞ്ഞാലും
താരാബിന്ദുവിന്* മിഴിയില്‍* പൊടിഞ്ഞു താഴെ വീണു വറ്റുന്നൂ ...''
ഭാസ്*കരന്* മാസ്റ്ററുടെ ദാര്‍*ശനിക മാനങ്ങളുള്ള വരികളിലൂടെ , ബാബുരാജിന്റെ
വിഷാദസാന്ദ്രമായ സംഗീതത്തിലൂടെ ഒഴുകുന്നു ബാബു. ശശികുമാര്‍* സംവിധാനം
ചെയ്ത ബാല്യകാല സഖിയിലെ പാട്ടാണ് അതെന്ന് അന്നറിയില്ല. പി ബി ശ്രീനിവാസ്
ആണ് പാടിയതെന്നും. കേവലമൊരു ചലച്ചിത്ര ഗാനത്തിന്*റെ പരമ്പരാഗത
ചിട്ടവട്ടങ്ങളില്‍* നിന്ന് ആര്*ദ്രമായ ഒരു ഗസലിന്റെ സ്വതന്ത്രമായ
സഞ്ചാരപഥത്തിലേക്ക് ആ പാട്ടിനെ ബാബു കൂട്ടിക്കൊണ്ടുപോകുന്നത്
വിസ്മയത്തോടെ കേട്ടിരിക്കുകയായിരുന്നു ഞങ്ങള്‍*.. സംഗീതത്തെ ആത്മാവിന്റെ
ഭാഗമായി കൊണ്ടുനടക്കുന്ന ഒരു ഗായകന് മാത്രം കഴിയുന്ന ഇന്ദ്രജാലം.
പിന്നീടൊരിക്കല്‍*, വര്*ഷങ്ങള്*ക്കു ശേഷം ആ ഗാനം പി ബി എസ്സില്‍* നിന്ന്
നേരിട്ട് കേള്*ക്കാന്‍* ഭാഗ്യമുണ്ടായി എനിക്ക്. അതിന് പിന്നിലെ കഥ
വിവരിച്ചു കേള്*ക്കാനും. പാട്ടിന്റെ വഴികളിലൂടെയുള്ള യാത്രയിലെ
മറക്കാനാവാത്ത മുഹൂര്*ത്തങ്ങളില്‍* ഒന്ന്.
ചെന്നൈയില ജെമിനി ഫ്ലൈ ഓവറിനടുത്തുള്ള പഴയ വുഡ്*ലാന്*ഡ്*സ് െ്രെഡവ്ഇന്*
റസ്റ്ററണ്ടിന്റെ തിരക്കൊഴിഞ്ഞ കോണിലിരുന്നു ഉറക്കെ പൊട്ടിച്ചിരിച്ചു
കൊണ്ടു ആ കഥ വിവരിക്കെ, പി ബി എസ്സിന്റെ സ്വതവേ തുടുത്ത മുഖം കൂടുതല്‍*
ചുവന്നു. കട്ടി ഫ്രെയിമുള്ള കണ്ണടയ്ക്കപ്പുറത്തെ ആ ചെറിയ കണ്ണുകള്‍*
പിന്നെയും ചെറുതായി. ''വളരെ വര്*ഷങ്ങള്*ക്കു മുന്‍*പാണ്. രാമു എന്ന തമിഴ്
ചിത്രത്തിന് വേണ്ടി എം.എസ് വിശ്വനാഥന്റെ ഈണത്തില്‍* ഹൃദയസ്പര്*ശിയായ ഒരു
പാട്ട് പാടി റെക്കോര്*ഡ് ചെയ്തു വുഡ് ലാന്*ഡ്*സില്*
മടങ്ങിയെത്തിയതായിരുന്നു ഞാന്‍*.. രണ്ടാം നിലയിലേക്കുള്ള പടവുകള്‍*
കയറുമ്പോള്‍* എതിരെ വരുന്നു ബാബുരാജ്. അടുത്ത കൂട്ടുകാരാണ് ഞങ്ങള്‍*. എന്തു
രഹസ്യവും എന്നോട് തുറന്നു പറയും; ഞാനും അത് പോലെ തന്നെ.
ഹോട്ടലിന്റെ പടവില്‍* ബാബുവിനെ പിടിച്ചിരുത്തിക്കൊണ്ട് അന്ന് റെക്കോര്*ഡ്
ചെയത പാട്ട് ഞാന്‍* അവനെ പാടി കേള്*പ്പിച്ചു: ''നിലവേ എന്നിടം നെരുങ്കാതെ
നീ നിനൈക്കും ഇടത്തില്‍* നാനില്ലേ...മലരേ എന്നിടം മയങ്കാതെ, നീ മയങ്കും
വഹൈയില്* നാനില്ലൈ....''
''പാട്ട് പാടിത്തീര്*ന്നതും ബാബു എന്നെ കെട്ടിപ്പിടിച്ചു കവിളില്‍*
ഉമ്മവെച്ചതും ഒരുമിച്ച്.. ആവേശത്തോടെ എന്‍*റെ ചുമലുകള്‍* പിടിച്ചു കുലുക്കി
അവന്* പറഞ്ഞു: ''അസാധ്യ പാട്ട്. ഞാനും ഇതുപോലൊരു പാട്ട് ഉണ്ടാക്കും. അതും
താങ്കള്‍* തന്നെ പാടണം..'' ബാബുരാജ് തമാശ പറഞ്ഞതല്ലായിരുന്നു എന്ന് പി ബി
എസ്സിന് ബോധ്യമായത് കുറച്ച് ദിവസങ്ങള്‍*ക്കകം ബാല്യകാലസഖിയിലെ ഗാനത്തിന്റെ
റിഹേഴ്*സലിനു രേവതി സ്റ്റുഡിയോയില്‍* എത്തിയപ്പോഴാണ്. രാമുവിലെ പാട്ടിന്റെ
പ്രചോദനത്തില്‍* ആര്*ദ്രമായ ഒരു വിഷാദ ഗാനം സൃഷ്ടിച്ചിരിക്കുന്നു
ബാബുരാജ്: കരളില്‍* കണ്ണീര്* മുകില്‍* നിറഞ്ഞാലും....'' ഒരര്*ത്ഥത്തില്* എം
എസ് വിയ്ക്കും പി ബി എസ്സിനുമുള്ള ബാബുരാജിന്റെ പ്രണാമം ആയിരുന്നു ആ ഗാനം
എന്ന് പറയും ശ്രീനിവാസ്. ''രണ്ടു പാട്ടുകളും എനിക്കിഷ്ടം. ഏതാണ് കൂടുതല്‍*
ഇഷ്ടം എന്ന് പറയാനാവില്ല.''
പിന്നീടും നജ്മല്‍* ആ പാട്ട് വേദികളില്‍* പാടിക്കേട്ടിട്ടുണ്ട്; പലപ്പോഴും
എന്റെ നിര്*ബന്ധത്തിനു വഴങ്ങി. ''ആരറിവൂ നിന്* മുറിവിന്* ആഴം, ആരറിവൂ
നിന്* ബാഷ്പത്തിന്* ഭാരം, നെഞ്ചില്‍* നിന്നും ചോരയൊലിച്ചാലും പുഞ്ചിരിപ്പൂ
നീ സന്ധ്യകളില്‍*... ...''... ഒരര്*ത്ഥത്തില്* ബാബുവിന്റെ പില്*ക്കാല
ജീവിതം തന്നെയല്ലേ ആ വരികളില്‍* ഒളിഞ്ഞുകിടന്നത്? മനസ്സിലെ തീവ്രവേദന
മുഴുവന്‍* സൗമ്യ മധുരമായ ഒരു പുഞ്ചിരിയാല്‍* മറയ്ക്കാന്‍* ശ്രമിക്കുന്ന
ബാബുവിന്റെ ചിത്രം ഇന്നും എന്‍*റെ ഓര്*മയിലുണ്ട്.
നജ്മല്‍* ബാബുവിനെ ആദ്യം കണ്ട ദിവസത്തിലേക്ക്, എഴുപതുകളുടെ മധ്യത്തിലെ ആ
വയനാടന്‍* സന്ധ്യയിലേക്ക് മടങ്ങിപ്പോകുന്നു മനസ്സ്; വയനാട്ടിലെ ചുണ്ടേല്‍*
ആര്* സി ഹൈസ്*കൂള്‍* ഓഡിറ്റോറിയത്തില്‍* തിക്കോടിയന്റെ 'പരകായപ്രവേശം'
നാടകം കാണാന്‍* അമ്മയ്ക്കും വല്യമ്മയ്ക്കും ഒപ്പം ചെന്ന പന്ത്രണ്ടു
വയസ്സുകാരന്*... നാടകത്തോടോപ്പമുള്ള ഗാനമേള കേള്*ക്കാനായിരുന്നു അവന്
തിടുക്കം.
ജീവിതത്തിലാദ്യമായി ഒരു സിനിമാ പിന്നണി ഗായകനെ നേരില്‍* കാണാനും
കേള്*ക്കാനും പോകുകയല്ലേ?. നാടകം കഴിഞ്ഞു വീണ്ടും കര്*ട്ടന്*
ഉയര്*ന്നപ്പോള്* വെളുത്ത ബുഷ് ഷര്*ട്ടിനു മുകളില്‍* കറുത്ത ഓവര്‍* കോട്ട്
അണിഞ്ഞ ഒരാള്‍* വേദിയില്‍* ചമ്രം പടിഞ്ഞിരിക്കുന്നു. ''ഞാന്‍* കോഴിക്കോട്
അബ്ദുല്‍* ഖാദര്‍*,'' ആദ്യം അയാള്‍* സ്വയം പരിചയപ്പെടുത്തി. പിന്നെ
ക്ഷമാപണസ്വരത്തില്‍*. കൂട്ടിച്ചേര്*ത്തു; ''നല്ല സുഖമില്ല. എങ്കിലും
പാട്ടുകള്‍* പരമാവധി നന്നായി പാടാന്‍* ശ്രമിക്കും. വല്ല പിഴവും വന്നാല്‍*
പൊറുക്കണം...''
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് ആണ് ഖാദര്‍* ആദ്യം പാടിയത്
നീലക്കുയിലിലെ എങ്ങനെ നീ മറക്കും കുയിലേ.. പിന്നെ ഒന്ന് രണ്ടു സിനിമാനാടക
ഗാനങ്ങള്‍* കൂടി. ശബ്ദത്തിലെ തളര്*ച്ച ആലാപനത്തെ ബാധിക്കാതിരിക്കാന്‍*
പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു അദ്ദേഹം. തന്റെ ഊഴം കഴിഞ്ഞപ്പോള്‍*,
അദ്ദേഹം സദസ്സിനോട് പറഞ്ഞു: ''ഇനി നിങ്ങള്‍*ക്ക് ഇഷ്ടപ്പെട്ട ചില പുതിയ
പാട്ടുകളുമായി എന്‍*റെ മകന്* പാടാന്‍* വരും.'' തൊട്ടുപിന്നാലെ യുവകോമളമായ
നജ്മല്‍* ബാബു സ്*റ്റേജിലെത്തുന്നു. ബോബിയില്‍* ശൈലേന്ദ്ര സിംഗ് പാടിയ ഭമേ
ശായര്* തോ നഹി 'എന്ന പ്രണയ ഗാനം പാടിയായിരുന്നു തുടക്കം. അക്കാലത്തെ
സൂപ്പര്‍* ഹിറ്റ് ഗാനങ്ങളില്‍* ഒന്ന് . പിന്നെ ആരാധനയിലെ ഭഭമേരെ സപ്*നോം കാ
റാണി..'' ചടുല താളത്തിലുള്ള പാട്ടുകള്‍* പാടി സദസ്സിലെ യുവാക്കളെ
കയ്യിലെടുത്ത ശേഷം നജ്മല്‍* ബാബു പിന്*വാങ്ങിയപ്പോള്‍*. പകരം കറുത്തു
മെലിഞ്ഞ മറ്റൊരു പാട്ടുകാരി വന്ന് മൈക്കിനു മുന്നില്‍* നിന്നു ഒ.പി
നയ്യാറിന് വേണ്ടി ആശ അനശ്വരമാക്കിയ ''ചോട്ടാ സാ ബാലമാ'' എന്ന ഗാനം
പാടാന്‍*.. മച്ചാട്ട് വാസന്തി എന്നായിരുന്നു ആ സുന്ദരിയുടെ പേര്.
നജ്മല്‍* ബാബുവിന്റെ സുഹൃദ് വലയത്തില്‍* ചെന്നു കയറിയത് പിന്നെയും
വര്*ഷങ്ങള്* കഴിഞ്ഞാണ് പത്രപ്രവര്*ത്തകനായി കോഴിക്കോട്ട് എത്തിയ ശേഷം.
സംഗീത പ്രേമിയും പത്രാധിപരും വോളിബോള്‍* താരവുമൊക്കെയായിരുന്ന ഹസ്സന്* കോയ
ആയിരുന്നു ഞങ്ങളെ കൂട്ടിയിണക്കിയ കണ്ണി. ടൌണ്‍* ഹാളില്‍*, ദാസ് നായക്
ഹാളില്‍*, നളന്ദ ഹോട്ടലില്‍*, ബാബുവിന്റെ മെഹഫിലുകള്‍* കേള്*ക്കാന്‍*
മുടങ്ങാതെ കാത്തിരുന്നു ഞങ്ങള്‍* .
മള്*ട്ടി പീസ് ഓര്*ക്കസ്ട്രയുടെ അകമ്പടിയോടെ വന്‍* സദസ്സുകളെ റഫിയുടെയും
കിഷോറിന്റെയും പാട്ടുകള്‍* പാടി ആനന്ദിപ്പിച്ചിരുന്ന പാട്ടുകാരന്*, കൊച്ചു
സദസ്സുകളുടെ പ്രിയങ്കരനായി മാറിയിരുന്നു അപ്പോഴേക്കും. ഒരു ഹാര്*മോണിയവും
തബലയും ഏറി വന്നാല്‍* ഒരു ഗിത്താറും മാത്രമേ വേണ്ടൂ സദസ്സുകളുടെ ആത്മാവിനെ
ചെന്നു തൊടാന്‍* എന്ന് ബാബു നിരന്തരം തെളിയിച്ചു പോന്ന നാളുകള്‍*..
പിന്നെയെപ്പോഴോ ബാബു വേദികളില്‍* നിന്ന് മാഞ്ഞു തുടങ്ങി. നിശബ്ദമായ ഒരു
പിന്*വാങ്ങല്‍* . ഡിജിറ്റല്‍* വാദ്യഘോഷ പ്രളയത്തില്‍* ആത്മാവിന്റെ
സംഗീതത്തിന് പ്രസക്തി നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. ആള്*ക്കൂട്ടത്തില്*
ഒറ്റപ്പെടുന്നവരുടെ വ്യഥകള്‍* വികാരനിര്*ഭരമായി ആലാപനത്തില്‍* ആവിഷ്*കരിച്ച
ഗായകന്* ഒടുവില്‍* ഏകാന്തതയുടെ തുരുത്തില്* ചെന്നൊടുങ്ങുമെന്നു ആരറിഞ്ഞു?
മകളുടെയും സഹോദരന്റെയും ദുരന്ത മരണങ്ങള്*, തീരാവേദനയുടെ കയങ്ങളിലേക്ക്
എടുത്തെറിഞ്ഞ വൃക്കരോഗം, വിടാതെ പിന്തുടര്*ന്ന സാമ്പത്തിക
പ്രശ്*നങ്ങള്‍*...സ്വയം ഒരു വിഷാദഗാനമായി മാറുകയായിരുന്നു നഗരത്തിന്റെ
പ്രിയ ഗായകന്*.. നിറഞ്ഞ സദസ്സുകളുടെ വാഹ് വാഹ്'' വിളികള്‍*ക്കിടയില്*
നിന്ന് സ്വന്തം വാടക വീടിന്റെ ഏകാന്ത നിശബ്ദതയിലേക്ക് ഉള്*വലിഞ്ഞു
അദ്ദേഹം. കൂട്ടിനു സംഗീതം മാത്രം . എല്ലാ വേദനകളും മഹ്ദി ഹസന്റെയും,
ജഗ്ജിത് സിംഗിന്റെയും ഗസലുകളില്‍* അലിയിച്ചു കളയാന്‍* ശ്രമിച്ചു ബാബു;
ഇന്നും ശ്രമിച്ചു കൊണ്ടേയിരിക്കുന്നു... ..
സംഗീത വേദികളില്‍* ഇപ്പോള്‍* നജ്മല്‍* ബാബുവില്ല . പക്ഷെ വിഷാദാര്*ദ്രമായ ആ
ശബ്ദം ഇതാ ഇപ്പോഴും കാതില്‍* മുഴങ്ങുന്നു: മനസ്സിലും . ഒരു കോഴിക്കോടന്‍*
തലമുറയുടെ കൗമാരയൗവനങ്ങളെ മുഴുവന്‍* തീക്ഷണമായി സ്വാധീനിച്ച ശബ്ദം:
''എന്തിനു കവിളില്‍* ബാഷ്പധാര ചിന്തി നീ നീലരാവേ, എന്തിനു കരളില്‍*
ഗദ്ഗദഗാനം നല്*കി നീ പൂനിലാവേ ....''