മ്മ മ്മ അമ്മ അമ്മെ
വാക്കുകൾ പുറത്തു വരുന്നില്ല. ശ്വാസം എടുക്കാൻ നന്നേ പ്രയാസം. എങ്കിലും ശ്വാസത്തിന്റെ വില ഇപ്പോൾ നന്നായി അറിയുന്നത് കൊണ്ട് മുഴുവൻ ആരോഗ്യവും എടുത്തു ആഞ്ഞു വലിച്ചു. "For every action, there is an equal and opposite reaction" എന്ന ന്യൂട്ടന്റെ തേർഡ് ലോ ഓർമ്മിപ്പിക്കാൻ എന്ന വണ്ണം തൊണ്ട സകല ശക്തിയും എടുത്തു കഫത്തിന്റെ അകമ്പടിയോടെ ഒരു ഫസ്റ്റ് ക്ലാസ് ചുമ്മ തിരിച്ചു തന്നു.
ഇതിന്റെ ഇടയിൽ ആലസ്യത്തിൽ ആയിരുന്ന കണ്ണ് പതിയെ തുറന്നു, ചുറ്റിനും അമ്മക്ക് വേണ്ടി പരതി. അമ്മ പത്തിരുപതു വർഷം മുമ്പ് മരിച്ചതാണെന്നും കണ്ണട ഇല്ലാതെ ഒന്നും വ്യക്തമായി കാണാൻ പറ്റില്ലെന്നും ഉള്ള ഓർമ്മ തിരിച്ചു വന്നത് അടുത്ത റൌണ്ട് ശ്വാസം-ചുമ്മ ടീമിന്റെ ഗുസ്തിമത്സരത്തിനു ഇടയിൽ ആണ്.
തലയിണക്കടിയിൽ കണ്ണട പരതി നോക്കി. ഇതിനിടയിൽ ഏതോ ഒരു കയ്യ് വന്നു കണ്ണട വെച്ചതും അച്ഛന് ഇപ്പോ എങ്ങനെ ഉണ്ട് എന്ന് ചോദിച്ചതും ഒരുമിച്ചായിരുന്നു. കേൾവി ശക്തി കുറഞ്ഞത് കൊണ്ട് ശബ്ദം ആരുടെ ആണെന് ഉറപ്പുവരുത്താൻ ആയിലിലെങ്കിലും, പിന്നാലെ നെറ്റിയിൽ പതിഞ്ഞ ഉമ്മ അത് ഉറപ്പിച്ചു. കണ്ണട കണ്ണിനോടു ചേർത്ത് താഴ്ത്തി വെച്ച്, അവളെ നോക്കി, എന്റെ മൂത്ത മകൾ സന്ധ്യ. അച്ഛന് ഒന്നുമില്ല മോളെ എന്ന് പറയാൻ ആഗ്രം ഉണ്ടേലും ശബ്ദം വീണ്ടും സമരം വിളിച്ചത് കൊണ്ട് പുറത്തു വന്നില്ല. എങ്കിലും കണ്ണിൽ നിന്ന് ഞാൻ അറിയാതെ വന്ന കണ്ണുനീര് അത് പറയാതെ പറഞ്ഞു.
കലങ്ങിയ കണ്ണുകൾക്കും പഴകിയ കണ്ണടക്കും ഇടയിലൂടെ ഞാൻ ചുറ്റും നോക്കി. 3-4 തലമുറകൾ എന്നെയും നോക്കി നില്കുന്നു. എല്ലാവരുടെയും മുഖത്തും ഒരേപോലെ മ്ലാനത. എങ്കിലും പല കണ്ണുകളിലും എവിടെയോ ഒക്കെയോ എത്തി പെടാനുള്ള വ്യഗ്രത.
മൂന്നാം തലമുറ :
സന്ധ്യയുടെ മകളുടെ മകൾ. അവളുടെ അമ്മയുടെ കയ്യിൽ എന്നെയും നോക്കി ഇരിക്കുന്നു. കൂടിയിരിക്കുന്നവരിൽ പ്രസരിപ്പുള്ള ഒരേ ഒരു മുഖം. കണ്ണും മുഖവും ഒരേ കഥ പറയുന്ന ഒരേ മുഖം. ഒരു വയസു പ്രായം കാണും. മനുഷ്യൻ എന്താണെന്നോ മരണം എന്താണെന്നോ അറിയാത്ത പ്രായം. അവളുടെ ചിരി, കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്ന്. ആദ്യ ചിരിയിൽ പ്രണയം തോന്നിയ ലക്ഷ്മി യുടെ ചിരിയെ പോലും വെല്ലുന്ന ദൈവീകത. അവളെ കയ്യിൽ എടുത്തു കൊഞ്ചിക്കാൻ മനസ്സ് ഒരു പാട് കൊതിച്ചു, കയ്യ് കൊണ്ട് അടുത്ത് വരാൻ ആഗ്യം കാണിച്ചു. എന്നാൽ ആഗ്യം ചെന്ന് പതിച്ചത് അവളുടെ അമ്മയിൽ ആണ്. സന്ധ്യയുടെ മകൾ ശ്രീദേവി. ഞങ്ങളുടെ ശ്രീക്കുട്ടി. എന്റെ ആദ്യത്തെ പേരക്കുട്ടി.
രണ്ടാം തലമുറ:
25 വർഷങ്ങൾ മുന്നേ നഴ്സിന്റെ കയ്യിൽ നിന്ന് ഞാൻ ഏറ്റു വാങ്ങിയ മാലാഖ. ജീവിതത്തിൽ പല വലിയ സന്തോഷങ്ങളും തന്ന ശ്രീക്കുട്ടി. അവളുമായി കളിച്ചതും അവള് ആദ്യമായി ചിരിച്ചതും മുട്ട് കുത്തി നടന്നതും അപ്പൂപ്പാ എന്ന് വിളിച്ചതും ഒകെ ഇന്നലെ നടന്നേ പോലെ തോന്നി.
മകളെ സന്ധ്യയുടെ കൈയിൽ കൊടുത്തു ശ്രീക്കുട്ടി അടുത്ത് വന്നിരുന്നു. എന്റെ കയ്യ് പിടിച്ചു എന്നെയും നോക്കി ഇരുന്നു. എന്നോടൊപ്പം കളിച്ചു ചിരിച്ച ആളല്ല ,ഭാര്യ ആണ്, ഒരു അമ്മ ആണ്. മനുഷ്യൻ എന്താണെന്നു അറിഞ്ഞു തുടങ്ങിയിരിക്കുന്നു. എന്റെ മരണത്തേക്കാൾ ഒരുപാട് പ്രധാനപ്പെട്ട കാര്യങ്ങൾ ആ മനസിലും കണ്ണ്കളിലും ഉള്ളതായി കാണാമായിരുന്നു. എങ്കിലും അപ്പൂപ്പൻ മരിക്കാൻ കിടക്കുമ്പോ ഒന്നും പോയി കണ്ടില്ലലോ എന്ന് ആരെങ്കിലും ചോദിച്ചാലോ എന്ന് കരുതി വന്നതാവില്ല എന്ന് ആലോചിക്കാനാണ് ഇഷ്ടം.
പുറത്തു ഒരു വാഹനത്തിന്റെ ഹോൺ അടിക്കുന്ന ശബ്ദം. ചുറ്റും നിന്നവരുടെ എല്ലാവരുടെയും ശ്രെദ്ധ അങ്ങോട്ടു പോയി. വന്ന ആളെ ആനയിക്കാൻ പുറത്തേക്കു പലരും ഇറങ്ങി പോയി. അപ്പോഴും ശ്രീക്കുട്ടി എന്റെ കയ്യ് പിടിച്ചു അവിടെ ഇരുന്നു. പുറത്തു എന്തൊക്കെയോ പിറു പിറുക്കൽ. ആരാണ് വന്നതെന്ന് കാണാനുള്ള ആകാംഷ. രാജൻ ആവണേ എന്ന് മനസ് കൊണ്ട് വെറുതെ പ്രാർത്ഥിച്ചു.
ഒന്നാം തലമുറ:
ആരെങ്കിലും വാതിലിന്റെ ഇടയിൽ കൂടി കടന്നു വരുന്നുണ്ടോ എന്ന് നോക്കി ഇരുന്നു. ഒരു 10 സെക്കൻഡ്*സ് കഴിഞ്ഞപ്പോൾ രാജൻ മുറിയിലേക്ക് കേറി വന്നു. എന്റെ മകൻ, സന്ധ്യയുടെ അനിയൻ. കുടുംബവും ആയി ദുബായിൽ settled ആണ്. കൂടെ ഭാര്യ ലതയും രണ്ടു മക്കളും ഉണ്ട്. അവരെ കണ്ടതും ശ്രീക്കുട്ടി കയ്യിൽ നിന്ന് കയ്യെടുത്തു മാറി നിന്ന്. നാല് പേരുടെയും മുഖത്ത് യാത്ര ക്ഷീണം ഉണ്ട്. രാജൻ എന്താണ് പറയേണ്ടത് എന്നറിയാത്ത എന്നെയും നോക്കി നിന്ന്. രാജന്റെ ഭാര്യയുടെ കണ്ണുകളിൽ ഇങ്ങേരു വേഗം ഒന്ന് ചത്ത് ഒടുങ്ങിയിട്ടു വേണം തിരിച്ചു പോകാൻ എന്നുള്ള ഒരു ഭാവം. അതോ തന്റെ മകനെ തന്റെ അടുത്ത് നിന്ന് തട്ടിക്കൊണ്ടു പോയത് കൊണ്ട് എനിക്കുള്ള നീരസം കൊണ്ട് അങ്ങനെ തോന്നുന്നത് ആണോ?
ഈ ചിന്തകൾക്കിടയിൽ കണ്ണുകൾ അടഞ്ഞു പോയി. മറ്റൊരു മയക്കത്തിലേക്കു ചിന്ത എന്നെയും കൂട്ടി കൊണ്ട് പോയി.
ഒരു മരുഭൂമിയുടെ നടുക്ക് ഞാൻ. ചുറ്റിലും മൺകൂനകൾ . പല സിനിമകളിലും കണ്ട പോലെ അവിടിവിടയായി കുറച്ചു ഒട്ടങ്കങ്ങൾ നിൽക്കുന്നുണ്ട്. ഞാൻ പതിയെ നടന്നു. ഒന്ന് രണ്ടു മൂന്ന് നാല് എന്ന് മൺകൂനകൾ ഓരോന്നായി നടന്നു നീങ്ങി. ചില മൺകൂനകൾ ഓടി കടന്നു ചിലതു ഇഴഞ്ഞും നിരങ്ങിയും കടന്നു. ഒരു ലക്ഷ്യവും ഇല്ലാത്ത യാത്ര. ഇതിനിടക്ക് മൺകൂനകൾ എണ്ണുന്നത് എവിടെയോ മറന്നു പോയി പകരം മൺകൂനകളിൽ നിന്ന് മണ്ണ് ശേഖരിക്കാൻ തുടങ്ങി. ചില മൺകൂനകളിൽ നിന്ന് സ്വർണവും വിലപ്പെട്ട കല്ലുകളും ശേഖരിക്കാൻ തുടങ്ങി. എങ്ങും എത്താത്ത നടത്തം. എന്തിനാണെന്നോ എവിടേക്കാണെന്നോ അറിയാത്ത നടത്തം. നടന്നു നടന്നു വലഞ്ഞു ഒരു മൺകൂനയുടെ മുകളിൽ ഇരുന്നു. ക്ഷീണത്താൽ മയങ്ങി പോയി.
മോനെ മോനെ എന്നുള്ള ഒച്ച കേട്ടാണ് എഴുന്നേറ്റത്. കുട്ടിക്കാലത്തു സന്ധ്യയായിട്ടും കളികഴിഞ്ഞു വരാതെ ഇരിക്കുമ്പോൾ അമ്മ വിളിക്കുന്ന അതെ വിളി. ഞാൻ ചാടി എഴുനേറ്റു ചുറ്റും നോക്കി. വീണ്ടും മോനെ എന്നുള്ള അമ്മയുടെ ശബ്ദം. ഞാൻ ശബ്ദം കേൾക്കുന്ന ഇടത്തേക്കു ഓടി. ശബ്ദം അടുത്തടുത്ത് വരുന്ന പോലെ തോന്നി. എങ്കിലും അമ്മയെ മാത്രം കാണാനില്ല. ഓടി ഓടി ഒരു കലിൽ തട്ടി ഞാൻ വീണു. അമ്മെ എന്ന് നിലവിളിച്ചു കൊണ്ട് ഞെട്ടി എഴുനേറ്റു.
സ്വപ്നത്തിലെ നിലവിളിയും ഞെട്ടലും മരണം കാത്തു കിടക്കുന്ന എന്റെ ശരീരത്തിലൂടെ പുറത്തു വന്നപ്പോൾ ഒരു ഞെരക്കവും അമ്മെ എന്നുള്ള ഒരു മൂളലും മാത്രം ആയി. എല്ലാവരും ഈ ഞെരകത്തിൽ ഓടി കൂടി. മക്കളും മരുമക്കളും എല്ലാം ചുറ്റും കൂടി. എന്റെ അവസാനം ആണെന് കരുതി കാണും. ഇതിനിടയിൽ എന്റെ ഇളയ മകൾ വന്നു കരച്ചിലും തുണ്ടങ്ങി. ആകെ ബഹളം. ഇതിനിടയിൽ ഞാൻ അമ്മെ വിളിച്ചത് അമ്മയെ കാണണം എന്നാക്കി ചുറ്റും നിന്നവർ. സന്ധ്യ പോയി എന്റെ ഭാര്യയെ വിളിച്ചു കൊണ്ട് വന്നു.
ശോഭന, സിനിമ നടിയുടെ പേരുള്ള ഭാര്യ. പത്തമ്പതു വർഷം കൂടെ കഴിഞ്ഞു എന്നൊക്കെ പറയാം. എങ്കിലും കൂടെ കിടന്നിട്ടു പത്തുമുപ്പതു വർഷം ആയി. അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിനു വഴങ്ങി പക്വത ഇല്ലാത്ത പ്രായത്തിൽ കൂടെ കൂടിയവൾ. ഒരേ പാതയിൽ നടക്കാൻ കുറെ നാൾ ശ്രേമിച്ചു പിന്നെ പിന്നെ കുറെ നാൾ ഒരേ പാതയിൽ നടന്നു പിന്നെ എപ്പോഴോ വേർപിരിഞ്ഞു. വെല്ല പട്ടിയോ പൂച്ചയോ ആയിരുനെങ്ങിൽ എപ്പോഴേ പിരിഞ്ഞേനെ.
അവൾ അടുത്ത് വന്നു ഇരുന്നു. കണ്ണിൽ വിഷമമുണ്ട്. പേരിനാണെങ്കിലും കൂട്ടിനായി ഉണ്ടായിരുന്ന ഒരാൾ പോകുന്നതിന്റെ ആണോ അതോ എന്റെ സമയവും അടുത്തല്ലോ എന്നുള്ള ഭീതി ആണോ ഏന് മനസിലായില്ല. ഇതിനിടയിൽ ആരോ ഒരു ഗ്ലാസ് വെള്ളം കൊണ്ട് വന്നു അവളുടെ കൈയിൽ കൊടുത്തു. അച്ഛന് കൊടുക്ക് എന്ന് പറഞ്ഞു. സാരി തുമ്പു കൊണ്ട് കണ്ണീർ തുടച്ചു കളഞ്ഞു അവൾ എന്റെ ചുണ്ടത്തു ഗ്ലാസ് വെച്ച്. ഞാൻ വായ പതുകെ തുറന്നു വെള്ളം കുടിച്ചു.
ഗ്ലാസ് അരികിൽ ഇരുന്ന ബെഞ്ചിൽ വെച്ച് അവൾ എങ്ങോട്ടോ പോയി. ഞാൻ ചുറ്റും നോക്കി. ഇതിനിടയിൽ ഒരു ശബ്ദം "ഇനി വെള്ളം കൊടുക്കാൻ ആരെങ്കിലും ഉണ്ടേൽ കൊടുക്ക്, അവസാനം വെള്ളം കൊടുക്കാൻ പറ്റിയില്ല എന്ന് ആരും പറയരുത് ", ആർക്കാണ് എന്നെ വെള്ളം കൊടുത്തു കൊല്ലാൻ ദൃതി ഏന് മനസ്സിൽ കരുതി ശബ്ദം വന്ന ഭാഗത്തേക്ക് നോക്കി. അബൂട്ടി ആണ്.
അബൂട്ടി. കളിക്കൂട്ടുകാരൻ. നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഇങ്ങനെ ഒരുത്തൻ കാണും. ബാല്യത്തിലോ യൗവനത്തിലോ നമ്മളുടെ കൂടെ കൂടിയ, നമ്മൾക്ക് എല്ലാം പങ്കു വെക്കാൻ പറ്റുന്ന ഒരു സ്നേഹിതൻ. മൈരൻ നല്ല വെള്ളമായിരുന്നു കൂടെ കഞ്ചാവും പെണ്ണുപിടിയും എന്നിട്ടും ഒരു കൂസലും ഇല്ലാതെ നില്കുന്നത് കണ്ട. ദൈവമേ ഞാൻ മരിക്കുന്നതിന് മുമ്പ് വെല്ല ആക്സിഡന്റ് വരുത്തി ഇവനെ അങ്ങ് തട്ടിയാൽ എനിക്ക് ഒരു കൂട്ടാകും അല്ലോ എന്ന് മനസ്സിൽ ആഗ്രഹിച്ചു പോയി.
ഇതിനിടയിൽ എല്ലാവരും വന്നു വെള്ളം തന്നു തുടങ്ങി. മക്കളും മരുമകളും പേരക്കുട്ടികളും അയാൾ വാസികളും വീട്ടിൽ തേങ്ങാ ഇടാൻ വരുന്ന രാഘവൻ വരെ വെള്ളം തന്നു. എന്തെങ്കിലും ആവട്ടെ ഞാൻ മരിക്കുന്നതിൽ മുമ്പുള്ള ആഗ്രഹം അല്ലെ. ഇനി വെള്ളം തരാത്തത് കൊണ്ട് ആർക്കും എന്റെ ശാപം കിട്ടേണ്ട എന്ന് മനസ്സിൽ ആലോചിച്ചു കൊണ്ട് അമ്മയുടെ മുലപ്പാൽ കുടിക്കുന്ന ആർത്തിയോട് വെള്ളം കുടിച്ചോണ്ടിരുന്നു .