കേരളം, പ്രത്യേകിച്ച് കോഴിക്കോട് മലപ്പുറം നിവാസികൾ ഒരുപാട് പേടിയോടെയും സംശയങ്ങളോടെയും കഴിച്ചു കൂട്ടിയ നിപ്പാ കാലം. അത് വെള്ളിത്തിരയിലേക്ക് പകർത്തുമ്പോൾ ഉത്തരവാദിത്തം ഒരുപാട് കൂടുതൽ ആണ്. യഥാർത്ഥ സംഭവങ്ങളുടെ ആവിഷ്കാരം. അതും നടന്ന് ഒരു വർഷത്തിനുള്ളിൽ. അന്നത്തെ സംഭവങ്ങൾ ആളുകളുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ടാകും എന്നത് ഉറപ്പാണ്. ഈ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത്, വലിയൊരു താരനിരയേയും കൂട്ടു പിടിച്ച് ആഷിഖ് അബു നടത്തിയ ശ്രമം എന്തായാലും പിഴച്ചില്ല. മികച്ചൊരു ദൃശ്യാനുഭവം തന്നെ നൽകാൻ വൈറസിന് കഴിഞ്ഞു.
നിപ്പ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്കെത്തുന്ന മുഖം സിസ്റ്റർ ലിനിയുടേതാണ്. പിന്നെ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചർ, നിപ്പ സംശയം ആദ്യം പ്രകടിപ്പിച്ച ഡോക്ടർ അനൂപ്. ഒപ്പം മഴയത്ത് ഹോസ്പ്പിറ്റൽ വേസ്റ്റ് കളയാൻ കൊണ്ടു പോകുന്ന രണ്ടു പേരുടെ ചിത്രം. ഇവരിലേക്ക് ഫോക്കസ് ചെയ്യുന്നതോ അല്ലെങ്കിൽ ഇവരിലൂടെ പോകുന്നതോ ആയ ഒരു സിനിമയാകും വൈറസ് എന്ന ഒരു തോന്നൽ ഉണ്ടായിരുന്നു. പക്ഷെ വൈറസ് മറ്റൊരു രീതിയാണ് മുന്നോട്ട് വെച്ചത്.
റിമയുടെ സിസ്റ്റർ അഖിലയും റഹ്മാന്റെ ഡോക്ടറും രേവതിയുടെ മന്ത്രിയും ഒക്കെ ഇവിടെയും ഹീറോകൾ ആണെങ്കിലും അവരിൽ മാത്രം ഒതുങ്ങാതെ, ഇനിയും ഒരുപാട് ഹീറോകൾ നിപ്പ കാലത്ത് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു എന്ന് പറയുകയാണ് വൈറസ്. രാപ്പകലില്ലാതെ രോഗികളെ നോക്കിയ മെഡിക്കൽ കോളേജിലെയും മറ്റും ഡോക്ടർമാർ, നഴ്സുമാർ, മൃതദേഹങ്ങളും മറ്റും മാറ്റാനും ദഹിപ്പിക്കാനും മുന്നിട്ടിറങ്ങിയ താത്കാലിക ജീവനക്കാർ, കലക്ടർ, മെഡിക്കൽ ഓഫീസേർസ്, ഡാറ്റാ കളക്ഷനും സംശയ നിവാരണങ്ങൾക്കുമായി ഒരു മടിയുമില്ലാതെ രാപ്പകൽ കഷ്ടപ്പെട്ട ഒരുപാട് വളന്റിയേഴ്സ്, ദഹിപ്പിക്കാൻ മുന്നോട്ട് വന്ന ഐവർമഠം ജീവനക്കാർ, മതാചാര പ്രകാരം അടക്കം ചെയ്യാൻ സ്ഥലവും അനുമതിയും കൊടുത്ത പള്ളി കമ്മറ്റി, ആംബുലൻസ് ഡ്രൈവർമാർ, സാമ്പത്തികവും സാങ്കേതികവുമായ എല്ലാ സഹായങ്ങളും ചെയ്ത സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ, വ്യക്തികൾ, സംഘടനകൾ. അങ്ങനെ ഒന്നോ രണ്ടോ പേരിലേക്ക് ഒതുക്കാതെ, കൂട്ടായി നിന്ന ഒരുപാടു പേരുടെ പ്രവർത്തന മികവിനെ എടുത്തു കാണിക്കാൻ കഴിഞ്ഞു എന്നതാണ് വൈറസ് എന്ന സിനിമയുടെ വിജയം.
മലയാളത്തിലെ മുൻനിര താരങ്ങളെ തന്നെ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്യാൻ ഉപയോഗിച്ചതിന്റെ ഗുണം സിനിമക്ക് ലഭിച്ചിട്ടുണ്ട്. അതിൽ ഏറ്റവും മികച്ചു നിന്ന ഒന്ന് സൗബിന്റെ പ്രകടനം തന്നെയാണ്. പിന്നെ എടുത്തു പറയേണ്ട പേരുകൾ ഇന്ദ്രജിത്, ശ്രീനാഥ് ഭാസി, ജോജു എന്നിവരാണ്. വലിയ അഭിനയ മുഹൂർത്തങ്ങൾ ഉള്ള കഥാപാത്രങ്ങൾ അല്ലെങ്കിൽ പോലും വളരെ റിയലിസ്റ്റിക്കായ് ആ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ഫ്രീക്കൻ ചെറുപ്പക്കാരൻ കഥാപാത്രങ്ങൾക്കപ്പുറത്തേക്ക് വളരാൻ തനിക്ക് കഴിവുണ്ട് എന്ന് കുമ്പളങ്ങിക്ക് ശേഷം വീണ്ടും തെളിയിക്കാൻ ഭാസിക്ക് കഴിഞ്ഞു.
സുഷിൻ ശ്യാമിന്റെ BGM സിനിമക്ക് വലിയൊരു മുതൽക്കൂട്ടാണ്. ഒപ്പം രാജീവ് രവിയുടെ ക്യാമറയും.
ഒരുപാട് പേർ കൈകോർത്ത് നിന്ന് നേടിയ ഒരു വിജയത്തിന്റെ കഥയാണ് വൈറസ്. അവസാന ഭാഗത്തെ പ്രസംഗത്തിൽ മന്ത്രി പറയുന്ന പോലെ, അതിന് നമുക്ക് 17 രക്തസാക്ഷികൾ ഉണ്ടാകേണ്ടി വന്നു.
പിൻകുറിപ്പ്: ആഷിഖ് അബു തന്റെ രാഷ്ട്രീയം കടത്താൻ സിനിമയിൽ ശ്രമിച്ചു എന്ന് പറയുന്നവരോട്.... കേന്ദ്രസർക്കാരിനെ മോശക്കാരാക്കാൻ ഒരു ശ്രമവും ഇതിൽ ഇല്ല. കേന്ദ്ര പ്രതിനിധികൾ പ്രകടിപ്പിക്കുന്ന സംശയം ഒരിക്കലും തെറ്റല്ല. ആ സംശയം ഇല്ലാതാക്കാൻ സംസ്ഥാനത്തിന് കഴിയണം എന്നേ അവർ പറയുന്നുള്ളൂ. അല്ലാതെ അവരുടെ സംശയമാണ് ശരി എന്ന് പറയുന്നില്ല. കേന്ദ്രത്തെ സംബന്ധിച്ചിടത്തോളം അത് രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന വിഷയമാണ്. കൃത്യമായ വിവരങ്ങൾ ലഭിക്കാതെ അത് തള്ളിക്കളയാൻ അവർ ഒരിക്കലും ശ്രമിക്കില്ല, ശ്രമിക്കരുത്.